കേരളീയം വേദിയായ മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല് . ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിച്ചു. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വച്ചു.
നേരത്തെ കേരളൈറ്റ് ന്യൂസ് മാനവീയം വീഥിയിലെ നാട്ടുകാരുടെ ആശങ്ക വാര്‍ത്തയാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്. ഇന്നലെയുണ്ടായ സംഘര്‍ഷത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മാനവീയം വീഥിയില്‍ രാത്രി ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും പൊലീസിനെ പരാതിയുമായി സമീപിക്കുന്നില്ല. ഇന്നലെ ഈ സംഘര്‍ഷം ശ്രദ്ധയില്‍പെട്ടയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിലാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പൂന്തുറ സ്വദേശിയായ ഒരാള്‍ ചികിത്സ തേടിയെന്ന് വിവരം കിട്ടിയത്. മര്‍ദ്ദനമേറ്റ ആള് തന്നെയാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.