അടുത്ത 12 മാസം നിരത്തില്‍ വാഹനപരിശോധന ഒഴിഞ്ഞ നേരമുണ്ടാകില്ല. റോഡ് സുരക്ഷയ്ക്കായുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഒരുവര്‍ഷത്തേക്ക് നീട്ടിയ പോലീസും മോട്ടോര്‍വാഹനവകുപ്പും തുടര്‍ച്ചയായ പരിശോധനയ്ക്ക് ഇറങ്ങുകയാണ്. എ.ഐ. ക്യാമറകള്‍ക്കുപുറമേയാണ്, നവംബര്‍ മുതല്‍ 2024 ഒക്ടോബര്‍ 31 വരെ നീളുന്ന വാഹനപരിശോധനാ കലണ്ടര്‍ പോലീസ് തയ്യാറാക്കിയിട്ടുള്ളത്. നിയമം ലംഘിക്കുന്നവര്‍ പിഴയടച്ച് കുഴയും.
ശില്പശാലകളും ബോധവത്കരണ ക്യാമ്പുകളും, ലഘുലേഖ വിതരണവും ഡ്രൈവര്‍മാരുടെ പരിശീലനവുമായി കടന്നുപോകുന്ന റോഡ് സുരക്ഷാ പരിപാടികളില്‍ ഇത്തവണ വന്നിട്ടുള്ള പ്രധാനമാറ്റം വിവിധതരത്തിലെ പരിശോധനകളാണ്. പതിവ് വാഹനപരിശോധനയ്ക്കുപുറമേ എല്ലാ ആഴ്ചകളിലും പോലീസിന്റെ പ്രത്യേക പരിശോധനകളുണ്ടാകും. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുവെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തും.
പരിശോധന ശക്തമാക്കുന്നതോടെ അപകടങ്ങള്‍ കുറയ്ക്കാമെന്നാണ് നിഗമനം. സാമ്പത്തികപ്രതിസന്ധിയില്‍ നില്ക്കുന്ന സര്‍ക്കാരിന് പിഴവരുമാനവും ആശ്വാസമാകും. മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നിവയിലൂടെയാണ് നവംബറിലെ പരിശോധനയ്ക്ക് തുടക്കം.