കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയേറ്ററുകളില്‍ തരംഗമായി മാറിയ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവ്. 7 കോടി രൂപ സിനിമയ്ക്കായി മുടക്കിയിട്ട് ലാഭവിഹിതമോ മുടക്ക് മുതലോ നല്‍കിയില്ലെന്ന അരൂര്‍ സ്വദേശിയായ സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സബ് കോടതി നിര്‍മ്മാതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടത്.
എറണാകുളം സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി ആണ് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണറായ ഷോണ്‍ ആന്റണിയുടെയും 4 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിന് താന്‍ 7 കോടി രൂപ മുടക്കി എന്നാണ് സിറാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലാഭ വിഹിതത്തിന്റെ 40% തനിക്ക് വാഗ്ദാനം ചെയ്തിരുന്നു എന്നും പണം കൈപ്പറ്റിയശേഷം ലാഭമോ മുതല്‍ മുടക്കോ നല്‍കാതെ കബളിച്ചെന്നും ആണ് സിറാജ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. 220 കോടി രൂപ ചിത്രം ആഗോളതലത്തില്‍ കളക്ഷന്‍ നേടിയിട്ടുണ്ട് എന്നും ഒടിടി പ്ലാറ്റ്ഫോമുകള് മുഖേന 20 കോടിയോളം രൂപ നേടിയെന്നും സിറാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.
സിറാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂര്‍ ഹര്‍ജി ഭാഗത്തിനു വേണ്ടി കോടതിയില്‍ ഹാജരാവുകയും ചെയ്തു. ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന മലയാള സിനിമയാണ് ‘മഞ്ഞുമല്‍ ബോയ്സ്’. തമിഴ്നാട്ടില്‍ 50 കോടി രൂപ ഡബ്ബിങ് ഇല്ലാതെ നേടുന്ന ആദ്യ ഇതരഭാഷ ചിത്രം കൂടിയായ ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഫെബ്രുവരി 22നാണ് തിയറ്ററുകളില്‍ എത്തിയത്.
ശ്രീ ഗോകുലം മൂവീസിന്റെയും പറവ ഫിലിംസിന്റെയും ബാനറില്‍ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.