ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് മിന്നിത്തിളങ്ങുന്ന താരമാണ് ഇനിയ. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി വെന്നിക്കൊടി പാറിച്ച് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയം നേടി കഴിഞ്ഞിട്ടുണ്ട് താരം. ഇപ്പോഴിതാ നടിയിൽ നിന്ന് സംരംഭകയിലേക്കും ഇനിയ കടന്നിരിക്കുകയാണ്. ഇനിയയുടെ സ്വന്തം ബ്രാൻഡായി ‘അനോറ ആർട്ട് സ്റ്റുഡിയോ’ എന്ന പേരിൽ ചെന്നൈയിൽ ഡിസൈനർ ഫാഷൻ സ്റ്റുഡിയോ ആരംഭിച്ചിരിക്കുകയാണ്. സെയ്താപേട്ട് ശ്രീനഗർ കോളിനിയിൽ നോർത്ത് മദ സ്ട്രീറ്റിൽ ഈ വർഷം ജനുവരി 22ന് തന്റെ ജന്മദിനത്തിലാണ് ഇനിയ സ്റ്റുഡിയോയ്ക്ക് തുടക്കമിട്ടത്. ഇക്കാലയളവിൽ തന്റെ ബിസിനസ് സംരംഭത്തിന് മികച്ച പ്രതികരണമാണ് ഏവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം പറയുകയാണ്.