കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ ജനവികാരം പ്രകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ജില്ലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും വയനാട്ടിലും മലപ്പുറത്തും ഇടുക്കിയിലും ഒരുപോലെ, ജനങ്ങള്‍ എല്‍ഡിഎഫില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഉയര്‍ന്ന നേതാവ് വയനാട്ടില്‍ എത്തി നാമനിര്‍ദേശ പത്രിക കൊടുത്തു. റോഡ് ഷോയും നടത്തി. പക്ഷെ ആ പരിപാടിയില്‍ കോണ്‍ഗ്രസ്സിന്റെ കൊടി ആരും കണ്ടില്ല. സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ പോലും കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിപ്പോയോ എന്ന സംശയമാണ് ദൃശ്യങ്ങളും ഇന്നത്തെ വാര്‍ത്തകളും കണ്ടപ്പോള്‍ തോന്നിയതെന്നും മുഖ്യമന്ത്രി .രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായിട്ടാണല്ലോ. അദ്ദേഹം ആ പാര്‍ട്ടിയുടെ ദേശീയ നേതാവുമാണ്. എന്നിട്ടും തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതെ പോയി. ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ‘കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തില്‍ ഇത്തവണ ലീഗിന്റെ പതാകയും കോണ്‍ഗ്രസിന്റെ പതാകയും ഒഴിവാക്കിയാണ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുത്തത്’ എന്നാണ്.ആ പതാകയുടെ അടിസ്ഥാനo ഉള്‍ക്കൊണ്ടാണ് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പതാകയ്ക്കും രൂപം നല്‍കിയത്. ഈ പതാക ഉയര്‍ത്തി പിടിക്കാന്‍ സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ രാജ്യത്ത് എത്ര കോണ്‍ഗ്രസുകാര്‍ ബ്രിട്ടീഷ് പോലീസിന്റെ മൃഗീയ മര്‍ദ്ദനം വാങ്ങിയിട്ടുണ്ട്. ഈ ചരിത്രം കോണ്‍ഗ്രസ് കാര്‍ക്കറിയില്ലേ. യൂണിയന് ജാക്ക് വലിച്ച് താഴ്ത്തി ത്രിവര്‍ണ്ണ പതാക ഹോഷിയാപ്പൂര്‍ കോടതിയില്‍ ഉയര്‍ത്തി കെട്ടിയപ്പോള്‍ ആണ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കടപ്പുറത്ത് ഉപ്പു കുറുക്കല്‍ സമരത്തിന് പങ്കെടുത്ത സഖാവ് ക്യഷ്ണപിള്ളയോട് ത്രിവര്‍ണ്ണ പതാക താഴെ വെയ്ക്കാന്‍ പോലീസ് പറഞ്ഞു. തലങ്ങും വിലങ്ങും തല്ലിയിട്ടും നെഞ്ചോട് ചേര്‍ത്ത പതാക കൈവിടാന്‍ ആ ധീര ദേശാഭിമാനി തയ്യാറായില്ല. എന്തുകൊണ്ടാണ് ഈ ഭീരുത്വം? മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണെടുക്കുന്നത്? ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വന്തം കൊടിക്കു പോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ്സ് എന്തുകൊണ്ട് തരം താണുപോയി?ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പതാക ഉയര്‍ത്തിപ്പിടിക്കാനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെക്കൂടി മറന്നിരിക്കുന്നു. 1921ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പതാകയെന്നത് മഹാത്മാ ഗാന്ധിയുടെ ആശയമായിരുന്നു. സ്വരാജ് ഫ്ളാഗ് എന്ന് പേരിട്ട ആ ത്രിവര്‍ണ്ണ പതാക ജാതിമത പ്രാദേശിക ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും ഒരുപോലെ പ്രതിനിധീകരിക്കുന്നു എന്ന സങ്കല്പമായിരുന്നു ഗാന്ധിജി മുന്നോട്ടു വച്ചത്.ആലപ്പുഴക്കാര് തികഞ്ഞ വിവേചനബുദ്ധിയോടെ തന്നെ അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് ഈയൊരു അവസ്ഥ ഒഴിവാക്കുന്ന നില ഉണ്ടാക്കും. സംഘപരിവാറിന് മുന്നില്‍ സ്വയം മറന്നു നില്ക്കുന്ന കോണ്‍ഗ്രസ്സല്ല, സ്വന്തം പതാക ഒളിപ്പിച്ചു വെക്കുന്ന ഭീരുത്വമല്ല ഈ നാടിന്റെ പ്രതിനിധികളായി ലോക്സഭയിലേക്ക് പോകേണ്ടത്. അവര്‍ക്ക് നല്ല ആശയവ്യക്തതയും നിലപാടില്‍ ദൃഢതയും വേണം. ദേശീയ പ്രശ്നങ്ങളില്‍ ആര്‍ജവത്തോടെ പൊരുതാനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും തയാറാകുന്ന പ്രതിനിധികളാണ് വേണ്ടത് എന്നതായിരിക്കും ഈ തെരഞ്ഞടുപ്പില്‍ കേരളത്തിന്റെ ജനവിധി. എല്‍.ഡിഎഫിന്റെ ഉജ്ജ്വലമായ വിജയം ഉറപ്പാക്കുന്ന ജനവികാരമായി മാറുന്നതായും കാണാന്‍ സാധിക്കും: മുഖ്യമന്ത്രി .പറഞ്ഞു