ഐ.പി.എൽ 2024 സീസണ് തൊട്ടുമുമ്പാണ് ആരാധകരെ ഏറെ നിരാശയിലാഴ്ത്തി മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ നായക പദവിയൊഴിഞ്ഞത്. 2008 മുതൽ ചെന്നൈയുടെ ക്യാപ്റ്റൻസിയിലുണ്ടായിരുന്ന താരം ഒന്നരപ്പതിറ്റാണ്ടിന് ശേഷമാണ് നായക പദവിയൊഴിയുന്നത്. ധോണി ക്യാപ്റ്റൻസി ഒഴിയുന്ന സമയം ചെന്നൈയുടെ ഡ്രസ്സിങ് റൂം സാക്ഷിയായത് ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണെന്ന് മനസ്സ് തുറക്കുകയാണ് ഇപ്പോൾ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. പ്രഖ്യാപനമെത്തിയതോടെ പലരും പൊട്ടിക്കരഞ്ഞെന്ന് ഫ്ലെമിങ് പറഞ്ഞു.
”ഡ്രസ്സിങ് റൂമിലെ ആ നിമിഷങ്ങളെ എങ്ങനെ വിവരിക്കണം എന്നറിയില്ല. എല്ലാവരും പൊട്ടിക്കരയുകയായിരുന്നു. നിറകണ്ണുകളോടെയാണ് ഏവരും ആ പ്രഖ്യാപനത്തെ വരവേറ്റത്. പിന്നീട് ഗെയ്ക്വാദിനെ സഹതാരങ്ങള്‍ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. ഏറെ സംസാരിക്കുന്നയാളല്ല അവൻ. പക്ഷെ ചെന്നൈയെ ശരിയായ ദിശയിൽ നയിക്കാൻ ഗെയ്ക്വാദിന് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.”- ഫ്ലെമിങ് പറഞ്ഞു.