കുറ്റം ചെയ്തില്ലെങ്കിൽ എന്തുവന്നാലും അതിനെ തലയുയർത്തി നേരിടാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വല്ലാത്ത രീതിയിൽ പണത്തിന്റെ പിന്നാലെ പോകാനുള്ള ത്വര ആരും കാണിക്കരുത്. അങ്ങനെയായാൽ മനസമാധാനം നഷ്ടപ്പെടും. മനസമാധാനം തകർക്കാൻ മറ്റുള്ളവർ ശ്രമിച്ചാൽ നടക്കില്ല. കുറ്റവാളിയാണ് എന്ന ചിന്ത മനസിൽ വന്നാലേ മനസമാധാനം തകരൂ. ഈ മന്ത്രിസഭയ്ക്കും ഞങ്ങൾക്കെല്ലാവർക്കും ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയുമെന്നും കവടിയാറിൽ നിർമിക്കുന്ന റവന്യൂ വകുപ്പിന്റെ ആസ്ഥാന മന്ദിരമായ റവന്യു ഭവന് ശിലയിട്ട് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ വിവിധ മേഖലകളിൽ വലിയ പണം ചെലവിടാൻ വരുന്നവരുണ്ട്. അവർ മറ്റു ചില സംസ്ഥാനങ്ങളിൽ പോകുമ്പോൾ ആദ്യം കമീഷൻ ഉറപ്പിക്കുന്ന നിലയുണ്ട്. അങ്ങനെ ഒരു വിധത്തിലുള്ള കമീഷന്റെ ഏർപ്പാടും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. സേവനം എന്നാൽ ജനങ്ങളെ സേവിക്കലാണ്. ഇക്കാര്യത്തിൽ വഴിവിട്ട നടപടികൾ ഉണ്ടാകാതിരിക്കുക പ്രധാനമാണ്. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര് കേരളത്തിനുണ്ട്. എന്നാൽ, അതുകൊണ്ട് നാം തൃപ്തരല്ല. ചില തലങ്ങളിലെങ്കിലും അഴിമതിയുണ്ട്. അത് തീർത്തും ഇല്ലാതാക്കാനാണ് നാം ലക്ഷ്യമിടുന്നത്.