ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ ഓണ്‍ലൈന്‍ മാധ്യമം ‘ന്യൂസ് ക്ലിക്കി’ന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്ത, ഹ്യൂമന്‍ റിസോഴ്സസ് വിഭാഗം മാനേജര്‍ അമിത് ചക്രവര്‍ത്തി എന്നിവരെ കസ്റ്റഡിയില്‍വിട്ടു. ഏഴ് ദിവസത്തേക്കാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരെയും മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ചൈന അനുകൂല വാര്‍ത്ത നല്കാന് അമേരിക്കന്‍ ബിസിനസു കാരന് നെവില്‍ റോയ് സിങ്ങില്‍ പണം വാങ്ങിയെന്ന് ആരോപിച്ച് ഇന്നലെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം കേസെടുത്ത ഡല്‍ഹി പൊലിസ് ഓണ്‍ലൈന്‍ മാധ്യമമായ ‘ന്യൂസ് ക്ലിക്’ ഓഫിസ് പൂട്ടി മുദ്രവെക്കുകയും ചെയ്തു. ഓഫിസിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.