കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി കെസിഎ, 40000 പേര്‍ക്ക് ഇരിപ്പിടം, സ്റ്റേഡിയത്തിന്റെ രൂപരേഖയായി
ആലുവ-നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്ത് ചെങ്ങമനാട് വില്ലേജില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റിയാണ് ഇതില്‍ പ്രധാനം.
കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനുള്ള നിര്‍ദേശം കേരള ക്രിക്കറ്റ് അസോസിയേഷന്(കെസിഎ) സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു. തിരുവവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കായിക ഉച്ചകോടിയിലാണ് കെ സി എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. കൊച്ചിന് സ്പോര്‍ട്സ് സിറ്റി അടക്കം സംസ്ഥാനത്ത് കായിക മേഖലയില്‍ ഉന്നത നിലവാരമുള്ള12 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 150 കോടി രൂപ നിക്ഷേപമുള്ള പദ്ധതികളാണ് കെസിഎ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചത്.