മാനവീയം സാംസ്കാരിക വീഥിയിൽ നടന്ന കൂട്ടത്തല്ലിന് പിന്നാലെ ക്രമസമാധാന പാലനത്തിനായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാനൊരുങ്ങി ജില്ല പൊലീസ്. ക്രമസമാധാനത്തിനും സുരക്ഷയ്ക്കുമായി വനിത പൊലീസ് അടക്കം 40 പൊലീസുകാരെയാണ് വിന്യസിക്കുക. കേരളീയം പ്രമാണിച്ചാണ് അധിക പൊലീസുകരെ നിയോഗിക്കുന്നത്.
നഗരത്തില്‍ സ്ഥിരമായി സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാനായി നവീകരിച്ച സ്ഥലത്താണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കൂട്ടത്തല്ലുണ്ടായത്. യുവാക്കള്‍ തമ്മില്‍ പരസ്പരം അടികൂടുന്നതും നിലത്തിട്ട് ചവിട്ടുന്നതുമെല്ലാം പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കാത്ത സാഹചര്യത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല . എങ്കിലും നൈറ്റ് ലൈഫിൽ കൂടുതൽ ജാഗ്രത പുലർത്താൻ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.
മ്യൂസിയം പൊലീസിന്റെ പരിധിയിലുള്ള മാനവീയം വീഥിയിൽ പൊലീസ് എയ്ഡ് പോസ്റ്റും പ്രവർത്തിക്കുന്നുണ്ട്. നഗരത്തില്‍ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് സര്‍ക്കാര്‍ മാനവീയം വീഥി അടുത്തിടെ നവീകരിച്ചത്. നവീകരണത്തിന് പിന്നാലെ നൈറ്റ് ലൈഫ് സജീവമായ വീഥിയില്‍ കേരളീയം ആരംഭിച്ചതോടെ രാത്രിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് നൃത്തം ചെയ്യുന്നതിനെ ചൊല്ലിയുള്ള യുവാക്കളുടെ കൂട്ടയടി.