ഹമാസ് ഇസ്രായേലില്‍ കടന്ന് ആക്രമണം നടത്തിയതിന് പിന്നാലെ കനത്ത തിരിച്ചടി നല്കി ഇസ്രയേല്‍. ഹമാസിന്റെ പ്രകോപനത്തിനു പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേല്‍, അതിശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. പാലസ്തീന് പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രായേല്‍ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ ഇരുനൂറിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1600ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യാക്രമണത്തില്‍ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു.