യുവതാരം യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 396 റണ്‍സില്‍ അവസാനിച്ചു. ആറിന് 336 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്.
കളിക്കുന്ന ആറാമത്തെ ടെസ്റ്റില്‍ തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ യശസ്വി ജയ്സ്വാള്‍ 209 റണ്‍സെടുത്ത് നില്‍ക്കെയാണ് പുറത്തായത്. രണ്ടാം ടെസ്റ്റിന്റെ ആദ്യദിനമായ വെള്ളിയാഴ്ച മുഴുവന്‍ ക്രീസില്‍ നിന്ന് 179 റണ്‍സടിച്ചെടുത്ത ജയ്സ്വാള്‍ ഇന്ന് തന്റെ ഇന്നിങ്സില്‍ 30 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും ജയ്സ്വാള്‍ സൃഷ്ടിച്ചു. വിനോദ് കാംബ്ലിയും സുനില്‍ ഗവാസ്കറുമാണ് ജയ്സ്വാളിന് മുന്നിലുള്ളത്.
ഇംഗ്ലീഷ് ബൗളര്‍മാരെ തല്ലിയും തലോടിയും ബാറ്റേന്തിയ ജയ്സ്വാള്‍ ഷൊഐബ് ബഷീറിനെ തുടര്‍ച്ചയായ രണ്ട് പന്തില്‍ സിക്സറും ഫോറും അടിച്ചാണ് 200 പൂര്‍ത്തിയാക്കിയത്. ജയ്സ്വാളിനെ കൂടാതെ ഇന്ത്യന്‍നിരയില്‍ മറ്റാരും അര്‍ദ്ധ സെഞ്ചുറി പോലും തികച്ചില്ല. 34 റണ്‍സെടുത്ത ഗില്ലാണ് രണ്ടാമത്തെ ടോപ് സ്കോറര്‍. രജത് പടിദാര്‍ 32 റണ്‍സെടുത്തു. മറ്റാര്‍ക്കും 30ന് മുകളില്‍ കടക്കാനായില്ല. വെറ്ററന്‍ പേസ് ബൗളര്‍ ജെയിംസ് ആന്ഡേഴ്സണ്, ഓഫ് സ്പിന്നര്‍ ഷോയ്ബ് ബഷീര്‍, ലെഗ് സ്പിന്നര്‍ റെഹാന് അഹമ്മദ് എന്നിവര്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.