നായപരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന് ജോര്‍ജ് പോലീസ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തുവരികയാണ്. റോബിന്റെ പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് തമിഴ്നാട്ടില്‍ അടക്കം അന്വേഷണം നടത്തിയത്.
റോബിന്റെ കോട്ടയം കുമാരനല്ലൂരിലെ ‘ഡെല്‍റ്റ കെ-9’ എന്ന നായ പരിശീലനകേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്. നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ വാടകയ്ക്ക് വീടെടുത്ത് റോബിന് ജോര്‍ജ് എന്നയാളാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. മിക്കസമയത്തും നായ്ക്കളെ അഴിച്ചുവിടുന്നതിനാല്‍ ആരും ഇവിടേക്ക് അടുത്തിരുന്നില്ല. കാക്കി കണ്ടാല്‍ കടിക്കാന്‍ വരെ ഇയാള്‍ നായകളെ പരിശീലിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.