വിദേശവനിതയെ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ അമൃത് സോന(22) റോബര്‍ട്ട്(26) എന്നിവരെയാണ് ബെംഗളൂരു പോലീസ് പിടികൂടിയത്. വിദേശവനിതയുടെ മുറിയില്‍നിന്ന് കാണാതായ ഐഫോണും പണവും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.ഉസ്ബെക്കിസ്താന് സ്വദേശിയായ സെറീന ഉത്കിറോവ്ന(27)യെയാണ് മാര്‍ച്ച് 13-ാം തീയതി രാത്രി നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. മുഖത്ത് പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം. മൂക്കില്‍നിന്ന് ചോരയും വന്നിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സംഭവം ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരും പിടിയിലായത്.മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. വിദേശവനിതയുടെ കൈവശം ധാരാളം പണമുണ്ടെന്നാണ് പ്രതികള്‍ കരുതിയത്. ഇത് കൈക്കലാക്കിയാല്‍ പെട്ടെന്ന് പണക്കാരാകാമെന്ന് കരുതിയെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ സെറീന ഡല്‍ഹിയില്‍നിന്ന് മാര്‍ച്ച് അഞ്ചാം തീയതിയാണ് ബെംഗളൂരുവിലെത്തിയത്. ട്രാവല്‍ ഏജന്റായ രാഹുല്‍ എന്നയാളാണ് യുവതിക്ക് ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത്. മാര്‍ച്ച് 16-ാം തീയതി വരെ ഹോട്ടലില്‍ തങ്ങുമെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. 5,500 രൂപയായിരുന്നു പ്രതിദിന വാടക. ഇതിനുപുറമേ ഹോട്ടലില്‍നിന്ന് കഴിക്കുന്ന ഭക്ഷണത്തിനും യുവതി പണം അടച്ചിരുന്നു.ഓരോ ദിവസത്തെയും വാടകയും ഭക്ഷണത്തിന്റെ പണവും അതാത് ദിവസങ്ങളിലാണ് യുവതി അടച്ചിരുന്നത്. ഹോട്ടല്‍ ജീവനക്കാരനും കേസിലെ പ്രതിയുമായ അമൃത് സോനയുടെ പക്കലാണ് യുവതി ഓരോ ദിവസത്തെയും ബില്‍ തുക കൗണ്ടറില്‍ അടയ്ക്കാനായി ഏല്‍പ്പിച്ചിരുന്നത്. ഒരിക്കല്‍ യുവതിയുടെ ബാഗില്‍ നിറയെ പണമുള്ളതും അമൃത് സോന ശ്രദ്ധിച്ചിരുന്നു. ഇത് കണ്ടതോടെയാണ് വിദേശവനിതയുടെ കൈവശം ധാരാളം പണമുണ്ടെന്ന് പ്രതികള്‍ കരുതിയത്. തുടര്‍ന്ന് ഇത് കൈക്കലാക്കാനായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.