കോഴിക്കോട് കുന്ദമംഗലം ബസ് സ്റ്റാന്റിനടുത്ത് ദേശീയ പാത 766-ല്‍ നാല് ദിവസമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ആഡംബര കാറിനെതിരെ പരാതിയുമായി കച്ചവടക്കാര്‍. ശനിയാഴ്ച മുതല്‍ കാര്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്. ബിഎംഡബ്ല്യൂ കാര്‍ നിര്‍ത്തിയിട്ട് ഉടമ സ്ഥലം വിടുകയായിരുന്നു. പാലക്കല്‍ മാളിന് എതിര്‍വശത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നില്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്തിട്ടുളളത്.
കടയിലേക്ക് ആളുകള്‍ എത്തുന്നതിനും ഫുട്ട് പാത്തിലൂടെയുള്ള കാല്‍നട യാത്രയ്ക്കും തടസ്സമുണ്ടാക്കുന്ന വിധത്തിലാണ് വാഹനത്തിന്റെ പാര്‍ക്കിംഗ് . ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാറിന്റെ ഉടമസ്ഥന് എത്താതായതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം റിക്കവറി വാഹനം എത്തി കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വലിയ വാഹനമായതിനാല്‍ ഇതുവരെ എടുത്തുമാറ്റാന്‍ കഴിഞ്ഞില്ല.