ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിഫൈനലിലേക്ക്. ഷഫാലി വര്‍മയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് തുണയായത്, വെറും 39 പന്തില്‍ 67 റണ്‍സ് നേടി. പ്രതികൂല കാലാവസ്ഥ കാരണം വ്യാഴാഴ്ചത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം ഉപേക്ഷിച്ചതിന് പിന്നാലെ ഇന്ത്യയുടെ മികച്ച ഐസിസി റാങ്കിംഗിന്റെ ഫലമായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. മത്സരം 15 ഓവര്‍ വീതമാക്കി ചുരുക്കിയതോടെ, ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന വമ്പന്‍ സ്കോറിലേക്ക് എത്തി. ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ സ്മൃതി മന്ദാന 16 പന്തില്‍ 27 റണ്‍സെടുത്തു , 29 പന്തില്‍ 47 റണ്‍സെടുത്ത ജെമിമ റോഡ്രിഗസും വെറും 7 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത റിച്ച ഘോഷും മികച്ച സ്കോര്‍ നേടാന്‍ സഹായിച്ചു. മലേഷ്യയെ സംബന്ധിച്ചിടത്തോളം ഡക്ക് വര്‍ത്ത് ലൂയിസ് പ്രകാരം നിശ്ചയിച്ച 177 എന്ന പുതുക്കിയ ലക്ഷ്യം പിന്തുടരുക എന്നത് അസാധ്യമായിരുന്നു. പിന്നീട് കനത്ത മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയും ഇന്ത്യ സെമിഫൈനലിലെത്തുകയുമായിരുന്നു.