ഐസിസി ലോകകപ്പില്‍ നാലാം ജയത്തോടെ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ 256 റണ്‍സ് 51 പന്ത് ശേഷിക്കേ ഇന്ത്യ മറികടന്നു. സെഞ്ചുറിയുമായി വിരാട് കോലി കളിയില്‍ മാന്‍ ഓഫ് ദി മാച്ചായി . എന്നാലിപ്പോള്‍ പുതിയ വിവാദവും ഉടലെടുത്തിരിക്കുകയാണ്. അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോയുടെ വൈഡ് തീരുമാനമാണ് വിവാദമുണ്ടാക്കിയിരിക്കുന്നത്. വിരാട് കോലിയുടെ വ്യക്തിഗത സ്കോര്‍ 97ല്‍ നില്‍ക്കുമ്പോഴായിരുന്നു 42ാം ഓവറില്‍ നാസുന്‍ അഹമ്മദ് വൈഡ് എറിയുന്നത്. ഇന്ത്യക്ക് ഈസമയം ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ട് റണ്‍സും. ബൗണ്ടറി നേടിയാലല്ലാതെ കോലിക്ക് സെഞ്ചുറി തികയ്ക്കാനാകുമായിരുന്നില്ല. രണ്ടാം പന്ത് ലെഗ് സ്റ്റംപിന് പുറത്തുകൂടെ പോയെങ്കിലും അമ്പയര്‍ വൈഡ് വിളിക്കാതിരുന്നത് ഏവരെയും ഞെട്ടിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഡ്രെസിംഗ് റൂമില്‍ താരങ്ങള്‍ കൂട്ടച്ചിരി ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കോലിയെ മനപ്പൂര്‍വം സെഞ്ചുറിയടിക്കാന്‍ അനുവദിക്കുകയായിരുന്നോ അമ്പയര്‍ ചെയ്തതെന്നായിരുന്നു ചില ആരാധരുടെ വിമര്‍ശനം.