ലോക്സഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ അർഹരായ വിഭാഗങ്ങൾക്ക് പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ ഇന്ന് (ഏപ്രിൽ 02) കൂടി നൽകാം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. വോട്ടർ പട്ടികയിൽ പേരുള്ള ലോക്സഭാ മണ്ഡലത്തിലെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.ആബ്സെന്റീ വോട്ടർ വിഭാഗത്തിൽപ്പെട്ടവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നൽകുന്നത്. 85 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 40 ശതമാനത്തിൽ കുറയാതെ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാർ, കോവിഡ് 19 രോഗമുള്ളവരോ കോവിഡ് സംശയിക്കുന്നവരോ ആയവർ, അവശ്യസേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക. പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം ഫോം 12 ഡിയിൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. ആബ്സന്റീ വോട്ടർമാരിൽ ആദ്യ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ബൂത്ത് തല ഓഫീസർമാർ വഴി വീട്ടിലെത്തി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.