നവംബര്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ നൈറ്റ് ലൈഫിന് തുറന്നുകൊടുക്കാന്‍ പോകുകയാണ് തലസ്ഥാന നഗരിയിലെ വെളളയമ്പലത്തെ മാനവീയം വീഥി. എന്നാല്‍ ഔദ്യോഗികമായി നൈറ്റ് ലൈഫ് ആരംഭിക്കുന്നതിനു മുമ്പേ തന്നെ വീഥി ഗുണ്ടകളുടെ താവളമായി മാറിക്കഴിഞ്ഞതായി നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഒരാഴ്ച മാത്രം ഏകദേശം എല്ലാ ദിവസവും ഗുണ്ടകള്‍ തമ്മിലുള്ള കയ്യാങ്കളിയാണെന്നാണ് ആരോപണം. ആകെ 100 മീറ്റര്‍ മാത്രമാണ് മാനവീയം വീഥി. ആയിരക്കണക്കിന് യുവതി യുവാക്കള്‍ ആണ് രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്നത്. പോലീസ് ഔദ്യോഗിക വേഷത്തില്‍ ഈ വീഥിയില്‍ അനാവശ്യമായി കടക്കരുതെന്നും, വരുന്ന ആളുകളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തരുതെന്നുമാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിനാല്‍ നൈറ്റ് ലൈഫിനെ ആശങ്കയോടെയാണ്
ആല്‍ത്തറ നഗര്‍, സി.എസ്.എം നഗര്‍, ഇലങ്കം ഗാര്‍ഡന്‍സ്, ഉദാരശിരോമണി റോഡ്, ജാന്‍വില്ല നഗര്‍ നിവാസികള്‍ കാണുന്നത്.
ഇത് കൂടാതെ CITU അനധികൃതമായി നിര്‍മ്മിച്ച വെയ്റ്റിംഗ് ഷെഡ് ഇപ്പോള്‍ ഗുണ്ടകളുടെയും, സാമൂഹിക ദ്രോഹികളുടെയും കേന്ദ്രമായി മാറിയിരിക്കുന്നു.
രാത്രി കാലങ്ങളില്‍ ആല്‍ത്തറ നഗറിലെ റോഡിലേക്ക് ഇറങ്ങുന്ന യുവതി യുവാക്കള്‍ അടഞ്ഞു കിടക്കുന്ന കടകളിലെ മുന്‍ വശത്തിരിന്നു വിശാലമായി മദ്യപിക്കുന്നതും, പുകവലിക്കുന്നതും, മറ്റു ലഹരി ഉപയോഗിക്കുന്നതും സ്ഥിരം കാഴ്ചയെന്ന് നാട്ടുകാര്‍ പറയുന്നു.
അതിനാല്‍ നൈറ്റ് ലൈഫിനെ എതിര്‍ക്കുന്നില്ല പക്ഷെ ആളുകള്‍ക്ക് നേരാവണ്ണം നടക്കാന്‍ പോലും സൗകര്യമില്ലാതെ ഈ സ്ഥലത്തു നിന്നും മാറ്റി, വിശാലമായ കവടിയാര്‍ – ക്ലിഫ് ഹൗസ് റോഡിലോ, കവടിയാര്‍ – കുറവന്‍കോണം റോഡിലോ , ശംഖുമുഖം, കോവളം എന്നിവിടങ്ങളിലോ മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അധികാരികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് സമീപവാസികളുടെ തീരുമാനം.