വിഴിഞ്ഞം: ആവശ്യപ്പെടാതെ തന്നെ പണം ബാങ്ക് അക്കൗണ്ടില്‍ അയച്ച ശേഷം കഴുത്തറുപ്പന്‍ പലിശ സഹിതം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് വെങ്ങാനൂര്‍ സ്വദേശിനിയായ യുവതിക്കെതിരെ ഓണ്‍ലൈ തട്ടിപ്പുകാരുടെ ഭീഷണി. നിരന്തരം ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന്
വെങ്ങാനൂര്‍ സ്വദേശിനി വിഴിഞ്ഞം പോലീസില്‍ പരാതി നല്കി.പരാതി ലഭിച്ചതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പോലീസ് . ഇക്കഴിഞ്ഞ ആഗസ്റ്റ് 31 ന് ഹീറോ റുപ്പി എന്ന ഓണ്‍ ലൈന്‍ ആപ്പ് വഴി യുവതി ആദ്യം 2500 രൂപ ലോണ്‍ ആയി എടുത്തിരുന്നു. ഇത് അഞ്ച് ദിവസത്തിനുള്ളില്‍ പലിശ ഉള്‍പ്പെടെ 3900 രൂപ തിരിച്ചടക്കണമെന്ന് പണം നല്കിയ ശേഷം യുവതിക്ക് നിര്‍ദ്ദേശം നല്കി.ഇതോടെ തട്ടിപ്പ് മനസിലാക്കിയ എടുത്ത ലോണ്‍ പലിശയടക്കം തിരിച്ചടച്ചു. വീണ്ടും ലോണ്‍ നല്‍കാമെന്ന സംഘത്തിന്റെ വാഗ്ദാനം നിരസിച്ചെങ്കിലും യുവതിയുടെ അനുവാദമില്ലാതെ തട്ടിപ്പുകാര്‍ നാലായിരത്തോളം രൂപ വീണ്ടും അക്കൗണ്ടിലിട്ട് നല്കി ഭീഷണിപ്പെടുത്തി കൊള്ളപ്പലിശ സഹിതം ഈടാക്കി. അപകടം മനസിലാക്കിയ ഇനി പണം വേണ്ടെന്നറിയിച്ചശേഷം മൊബൈലില്‍ നിന്ന് ആപ്പളിക്കേഷന്‍ ഡിലീറ്റ് ചെയ്തു. എന്നാള്‍ വീണ്ടും അക്കൗണ്ടിലേക്ക് പണമയച്ച തട്ടിപ്പുകാര്‍ പലിശ ഉള്‍പ്പെടെ വേണമെന്ന് ഫാേണില്‍ വിളിച്ച്
ഭീഷണി തുടര്‍ന്നു. ഇംഗ്ലീഷില്‍ സന്ദേശങ്ങള്‍ അയച്ചശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സഹിതം ബന്ധുക്കള്‍ക്ക് അയച്ച് നല്‍കുമെന്നതുള്‍പ്പെടെ ഹിന്ദി സംസാരിക്കുന്ന ആള്ക്കാര് ഫോണ്‍ വഴി നിരന്തരമായി ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് യുവതി ഇന്നലെ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്. ഭീഷണി സന്ദേശമയച്ച ഫോണ്‍ നമ്പര്‍ മനസിലാക്കിയ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചു.